actor rahman speaks about malayalam cinema: എൺപതുകളിലും തൊണ്ണൂറുകളിലും മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള നടനായിരുന്നു റഹ്മാൻ. 1983ൽ പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെയിൽ മമ്മൂട്ടിയോടൊപ്പം ശ്രദ്ധേയമായ വേഷം ചെയ്താണ് റഹ്മാന്റെ തുടക്കം. ആ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരവും റഹ്മാൻ നേടിരുന്നു. എസ് എ ചന്ദ്രശേഖർ സംവിധാനം ചെയ്ത നിലവേ മലരേയാണ് റഹ്മാന്റെ ആദ്യ തമിഴ് ചിത്രം. ശിവാജി ഗണേശൻ, പ്രേംനസീർ തുടങ്ങിയ പഴയതലമുറ നടന്മാർക്കൊപ്പവും അദ്ദേഹം അഭിനയിച്ചു. മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ കൂട്ടുകെട്ടിന്റേതായി ഏഴോളം സൂപ്പർഹിറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.
എൺപതുകളുടെ അവസാനം തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് തുടങ്ങിയതോടെ റഹ്മാൻ മലയാള സിനിമയിൽ നിന്ന് മെല്ലെ അകന്നു. 2004ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബ്ലാക്കിന് ശേഷമാണ് വീണ്ടും മലയാളത്തിൽ സജീവമായത്. ഇപ്പോൾ മലയാള സിനിമകളിലുള്ള വൺ മാൻ ഷോ പണ്ട് ഉണ്ടായിരുന്നില്ലെന്ന് റഹ്മാൻ പറഞ്ഞു. താനും മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂവിവേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയായിരുന്നു അദ്ദേഹം.
‘അന്നത്തെ സിനിമകളിൽ ഈ വൺ മാൻ ഷോ കളികളൊന്നും ഇല്ല. ഞാനും മോഹൻലാലും മമ്മൂട്ടിയുമൊക്കെ എത്രയോ പടങ്ങളിൽ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ആ സിനിമ അല്ലെങ്കിൽ കഥാപാത്രം ചെയ്തിട്ട് പോകും. അതിൻ്റെ ഇടയിൽ ഇയാൾക്ക് സീൻ കൂടിപോയെന്നോ എനിക്ക് ഫൈറ്റ് ഇല്ലെന്നോയുള്ള ചിന്തയില്ല.” എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും വൺ മാൻ ഷോ കളികളാണ് നടക്കുന്നതെന്നും റഹ്മാൻ പറഞ്ഞു.
actor rahman speaks about malayalam cinema
ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ബാഡ് ബോയ്സ്’ ആണ് റഹ്മാന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. റഹ്മാനോടൊപ്പം പഴയകാല നായകന്മാരായ ശങ്കര്‍, ബാബു ആന്റണി എന്നിവരും ചിത്രത്തിലുണ്ട്. ധ്യാൻ ശ്രീനിവാസൻ, ബിബിൻ ജോർജ്,ഷീലു എബ്രഹാം, സൈജു കുറുപ്പ്, ടിനി ടോം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. എബ്രഹാം മാത്യു പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിന്റെ തിരക്കഥ സാരംഗ് ജയപ്രകാശാണ്. ഛായാഗ്രഹണം ആൽബിയും എഡിറ്റിംഗ് ദിലീപ് ഡെന്നിസും നിർവഹിച്ചു. ഡോൺ മാക്സ് ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. സെപ്റ്റംബര്‍ 13ന് ചിത്രം തിയേറ്ററുകളില്‍ എത്തും.