24 വർഷംമുൻപ് കുപ്പത്തൊട്ടിയിൽ കളഞ്ഞ മാണിക്യത്തിന്റെ റീ- റിലീസ് ആഘോഷമാക്കി ആരാധകർ!

sibi malayil speaks about devadoothan: റീ റിലീസ് ചെയ്ത‌ ദേവദൂതൻ എന്ന ചിത്രത്തിൻ്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് സംവിധായകൻ സിബി മലയിൽ. 24 വർഷം മുൻപ് മരിച്ചു പോയ ഒരു സിനിമയുടെ തിരിച്ചുവരവാണ് ഇതെന്ന് അദ്ദേഹം കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദൈവികമായ ഇടപെടലില്ലെങ്കിൽ എങ്ങനെയാണ് കുപ്പത്തൊട്ടിയിൽ കളഞ്ഞ ഒരു സിനിമ മാണിക്യമായി വരികയെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെ ഒരു വിജയം പ്രതീക്ഷിച്ചില്ലെന്നും ബുക്കിങ് കണ്ടപ്പോൾ ഞെട്ടി പോയെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു. സംഗീത സംവിധായകൻ വിദ്യാസാഗറിനേക്കുറിച്ച് സിബി മലയിൽ വാർത്താ സമ്മേളനത്തിൽ വാചാലനായി. വിദ്യാസാഗറുമായുള്ള സൗഹൃദം ആരംഭിക്കുന്നത് പ്രണയവർണങ്ങൾ എന്ന ചിത്രത്തിലൂടെയാണെന്ന് സിബി മലയിൽ ഓർത്തെടുത്തു. എനിക്ക് ഏറ്റവും മനോഹരമായി പാട്ടുകൾ വിദ്യാ ജിയോടൊപ്പം വർക്ക് ചെയ്തപ്പോൾ നൽകിയിട്ടുണ്ട്.

തുടർച്ചയായി ഞങ്ങൾ ചെയ്‌ത നാലാമത്തെ സിനിമയായിരുന്നു ‘ദേവദൂതൻ’. അതുകൊണ്ടുതന്നെ തനിക്ക് എന്താണ് വേണ്ടത് എന്നത് അദ്ദേഹത്തിനും, അദ്ദേഹം എന്ത് നൽകുമെന്നത് തനിക്കും അറിയാം. അതുപോലെ നിർമാതാവ് സിയാദിനുമൊപ്പവും അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്. ഈ കഥ മുന്നിലേക്ക് വന്നപ്പോൾ സം ഗീതസംവിധായകനായി വിദ്യാസാഗർ മതിയെന്ന് തീരുമാനിച്ചു. ദേവദൂതൻ്റെ ഷൂട്ട് തുടങ്ങുന്നതിന്റെ ആറ് മാസം മുൻപേ കഥയെക്കുറിച്ച് വിദ്യാസാ ഗറിന് നല്ല ധാരണയുണ്ടായിരുന്നു. അന്ന് മുതലേ മനസിൽ അദ്ദേഹം അത് വർക്ക് ചെയ്ത് തുടങ്ങിക്കാണണം. “എന്തരോ മഹാനു ഭാവുലു” കീർത്തനം മതിയെന്ന് തീരുമാനിച്ചത് അദ്ദേഹമാണ്. ആ ഒരു പാട്ടിന് വേണ്ടി മാത്രം ഒരു മാസം സമയമെടുത്തുവെന്നും സംവിധായകൻ പറഞ്ഞു.

സിനിമയുടെ എല്ലാ ടെക്‌നീഷ്യൻമാരും പ്രവർത്തകരും ഈ സിനിമയുടെ ക്രെഡിറ്റ് അർഹിക്കുന്നുണ്ട്. നടീനടന്മാരായാലും പ്രശ്‌നമല്ല, വ്യത്യസ്തമായ ഒരു സിനിമ വേണം എന്ന് നിർമാതാവ് പറഞ്ഞതുമുതലാണ് ദേവദൂതൻ ആരംഭിക്കുന്നത്. നമ്മളെ ഒരാൾ വിശ്വാസത്തിലെടുക്കുമ്പോഴാണ് ഏറ്റവും മികച്ചത് നമുക്ക് കൊടുക്കാനാവുന്നത്. അന്നത്തെ കാലത്ത് സിനിമയിൽ എല്ലാ കോംബോയും ഒത്തുവന്നെങ്കിലും റിസൾട്ട് നിരാശപ്പെടുത്തി. പക്ഷെ 24 വർഷത്തിന് ശേഷം വീണ്ടും സിനിമ വന്നു. എൻ്റെ അറിവിൽ ലോക സിനിമയിൽ പോലും ഉണ്ടാകാത്ത ഒന്നാണ് ഇത്. 24 വർഷം മുൻപ് പരാജയപ്പെട്ട ഒരു സിനിമ, ഇപ്പോഴും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നു, അത് തിയേറ്ററുകളിലേക്ക് എത്തുന്നു.

ഞങ്ങളാരും ഇങ്ങനൊരു വിജയം പ്രതീക്ഷിച്ചതല്ല. കുറച്ചുപേർ വരും കാണും പോകുമെന്നാണ് കരുതിയത്. എന്നാൽ സിനിമയുടെ ബുക്കിങ്ങ് ആരംഭിച്ചപ്പോൾ മുതൽ ഞങ്ങൾ ഞെട്ടിപ്പോയി. ഞങ്ങൾ വിചാരിക്കുന്നതിനേക്കാൾ എത്രയോ മുകളിലാണ് ആളുകൾ ഇത് ഏറ്റെടുത്തിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇത് 42 വർഷത്തെ യാത്രയാണ്. ആത്മാർത്ഥമായും സത്യസന്ധമായും നമ്മൾ ഒരു ജോലി ചെയ്‌താൽ അതിന് പ്രതിഫലം ഉറപ്പായും ഉണ്ടാകും . ഈ സിനിമയെ കുറിച്ച് വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിച്ചത് പുതിയ തലമുറയിൽ ഉള്ള വിശ്വാസമാണ്. പലപ്പോഴും അവരുടെ കാഴ്ച്ചപ്പാടിനെ തെറ്റായി എടുക്കാറുണ്ട്. എന്നിരുന്നാലും നല്ല രീതിയിൽ സിനിമയെ ആസ്വദിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്നത് അവരാണ്, സിനിയിലെ നന്മയെ തിരിച്ചറിഞ്ഞത് പുതിയ തലമുറയാണ്’.

മോഹൻലാൽ വരുന്നതിന് മുൻപ് സിനിമയിൽ അങ്ങനെ ഒരു ട്രാക്ക് ഉണ്ടായിരുന്നില്ല. മോഹൻലാൽ വന്നതോടുകൂടി, അദ്ദേഹത്തിന്റെ സ്റ്റാർഡത്തെ പരിഗണിച്ചു. അദ്ദേഹത്തിൻ്റെ സിനിമ കാണാൻ വരുന്ന പ്രേക്ഷകർക്ക് ഒരു പ്രതീക്ഷയുണ്ടല്ലോ. ഇപ്പോൾ അത്രമാത്രം ചേർത്തിട്ടില്ല. കഥയുമായി ബന്ധമില്ലാത്ത ഫൈറ്റ് സീക്വൻസും അമ്പിളി ചേട്ടൻ്റെ ചില സീനുകളും മാറ്റി. അത് അവരുടെയല്ല, ഞങ്ങളുടെ തെറ്റിദ്ധാരണയുടെ പ്രശ്‌നമാണ്. 34 മിനിറ്റാണ് ഞങ്ങൾ കട്ട് ചെയ്‌തത്‌. രണ്ട് മണിക്കൂർ 46 മിനിറ്റ് ഉണ്ടായിരുന്ന സിനിമ റി റിലീസിൽ രണ്ട് മണിക്കൂർ 12 മിനിറ്റാണ്. വളരെ സൂക്ഷിച്ചാണ് എഡിറ്റിങ് നടത്തിയത്. ചില ട്രിക്കൊക്കെ അതിൽ ഉപയോഗിക്കേണ്ടിവന്നു.

sibi malayil speaks about devadoothan

ഇത് മനുഷ്യനാൽ സാധിക്കുന്നതല്ല, ഒരു ദൈവികമായ ഇടപെടലുണ്ട്. അല്ലെങ്കിൽ എങ്ങനെയാണ് ചവിട്ടു കുട്ടയിൽ കളഞ്ഞ ഒരു സിനിമ മാണിക്യമായി തിരികെ വരിക. ഈ സിനിമ 24 വർഷം മുൻപ് മരിച്ചു പോയതാണ്, എന്നാൽ മരിച്ചതിതിനെ ഉയർത്തെഴുന്നേൽപ്പിക്കുന്ന ഒരു ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ആ ഉയർത്തെഴുന്നേൽപ്പാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.